തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഈ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതായും പിതാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മകന്റെ മരണത്തിൽ ഒരുപാട് സംശയങ്ങൾ ബാക്കിയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. മകന് നീതികിട്ടുമെന്നാണ് വിശ്വാസം. ഇനിയാർക്കും ഈ ഗതിവരരുതെന്നും അദ്ദേഹം പറഞ്ഞു.
ഡീനും അസിസ്റ്റന്റ് വാർഡനും കേസിലെ പ്രതികളാണ്. ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇരുവരെയും സർവീസിൽ നിന്ന് പുറത്താക്കണം. 2019 മുതൽ വെറ്ററിനറി സർവകലാശാലയിൽ ഒരുപാട് ആത്മത്യകളും അപകടങ്ങളും നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അധികാരികൾ തയ്യാറാകണം.
സിദ്ധാർത്ഥിന്റെ കൂടെയുണ്ടായിരുന്നത് അക്ഷയ്‌യാണ്. അക്ഷയ്‌ക്കും നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ഗൈനകോളജിസ്റ്റ് ബിന്ദു സുന്ദറിന്റെ മകൻ റോഹനും മകന്റെ മരണത്തിൽ പങ്കുണ്ട്. അക്ഷയ് സാക്ഷിയല്ല, 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതികളെ സംരക്ഷിക്കുന്നത് പ്രമുഖനേതാക്കളാണ്. അതുകൊണ്ട് ഉദ്യോഗസ്ഥർക്ക് മേലും സമ്മർദ്ദങ്ങളുണ്ടാകും. ഇതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. ഒരു പാർട്ടി ഒഴിച്ച് എല്ലാവരും സിദ്ധാർത്ഥിന് നീതി കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് മുന്നിലുണ്ട്. റിപ്പോർട്ടിൽ പുതിയ ഒരു പ്രതികൂടിയുണ്ട്. അയാളെ ഇതുവരെയും പോലീസ്‌കണ്ടുപിടിച്ചിട്ടില്ല. ദേവരാഗ് എന്ന സിദ്ധാർത്ഥിന്റെ സുഹൃത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















