ന്യൂഡൽഹി: 2000 കോടി രൂപയുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായിരുന്ന സിനിമാ നിർമാതാവ് അറസ്റ്റിൽ. തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖാണ് അറസ്റ്റിലായത്. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജാഫർ സാദിഖിനെ പിടികൂടിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ തലവൻ എന്നാണ് എൻസിബി ജാഫർ സാദിഖിനെ വിശേഷിപ്പിച്ചത്. 2000 കോടി രൂപയുടെ മയക്കുമരുന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്തിയത്. ജാഫർ സാദിഖ് 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ 45 തവണ വിദേശത്തേക്ക് അയച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
നാല് സിനിമകൾ നിർമിച്ച ജാഫർ സാദിഖിന്റെ പുതിയ ചിത്രം ഈ മാസം പുറത്തിറങ്ങുമെന്നാണ് വിവരം. ദിവസങ്ങൾക്ക് മുൻപ് ഡല്‍ഹിയില്‍ 2000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ജാഫർ സാദിഖിലേക്ക് എത്തിയത്. യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനമായി സഹകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം.
മധുരയിൽ രണ്ട് റെയിൽവേ യാത്രക്കാരിൽ നിന്നും ചെന്നൈയിലെ ഒരു ഡംപ് യാർഡിൽ നിന്നും 180 കോടി രൂപ വിലമതിക്കുന്ന മെതാംഫെറ്റാമൈൻ പിടിച്ചെടുത്ത് ഒരാഴ്ചയ്‌ക്ക് ശേഷമാണ് ജാഫർ സാദിഖിന്റെ അറസ്റ്റ് . ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു മയക്കുമരുന്ന്.
അപകടകരവും കടുത്ത ആസക്തിയുള്ളതുമായ സിന്തറ്റിക് മയക്കുമരുന്നാണ് സ്യൂഡോഫെഡ്രിന്‍. ഹെല്‍ത്ത് മിക്സ് പൗഡര്‍, കോക്കനട്ട് പൗഡര്‍ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്‌ക്കാണ് സ്യൂഡോഫെഡ്രിന്‍ വില്‍ക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.