സമുദ്രത്താൽ പൂർണമായും മൂടപ്പെട്ട വിദൂര ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രലോകം. നാസയുടെ ജെയിംസ് വെബ് ദൂരദർശിനിയാണ് തിളയ്‌ക്കുന്ന സമുദ്രമുള്ള ഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിക്കപ്പുറത്തേക്കുള്ള വാസയോഗ്യമായ ഗ്രഹങ്ങളുടെ കണ്ടെത്തലുകളിൽ നിർണായക സ്ഥാനം വഹിക്കാൻ ഇതിന് സാധിക്കുമോയെന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.
പുതുതായി കണ്ടെത്തിയ ഗ്രഹത്തിൽ മീഥേൻ. കാർബൺ ഡൈ ഓക്സൈഡ് എന്നിവയ്‌ക്കൊപ്പം ജലബാഷ്പത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ഹൈഡ്രജൻ സാന്നിധ്യമാണ് ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ളതെന്നും രാസഘടന ജലത്തിന്റെ വലിയ സാധ്യതയിലേക്കാണ് വഴിതുറക്കുന്നതെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.
എന്നാൽ ദ്രവജലത്തിന് നിലനിൽക്കാൻ കഴിയാത്ത വിധം ഉയർന്ന താപനിലയാണ് ഗ്രഹത്തിലുള്ളതെന്നാണ് കനോഡിയൻ ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്. ഈ എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തിലൂടെ ഫിൽട്ടർ ചെയ്യുന്ന പ്രകാശത്തെ വിശകലനം ചെയ്യുന്നതിലൂടെ വിശദമായ രാസഘടന ലഭിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.















