മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പ്രീവെഡ്ഡിംഗ് ആഘോഷമാണ് മാർച്ച് 1 മുതൽ 3 വരെ ഗുജറാത്തിലെ ജാംനഗറിൽ നടന്നത്. ജൂലയ് 12-ന് നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിനെയും വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രീ വെഡ്ഡിംഗ് ആഘോഷത്തിന്റെ ചിത്രങ്ങളോടൊപ്പം അനന്ത് അംബാനി മുമ്പ് ശരീര ഭാരം കുറച്ച ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
2017-ലാണ് അനന്ത് അംബാനി ശരീരഭാരം കുറച്ച് എല്ലാവരെയും ഞെട്ടിച്ചത്. 18 മാസം കൊണ്ട് 108 കിലോ ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. അനന്ത് അംബാനിയെ ശരീരഭാരം കുറക്കാൻ അന്ന് സഹായിച്ചത് മുംബൈയിൽ നിന്നുള്ള ട്രെയിനർ വിനോദ് ഛന്നയാണ്. രാജ്യത്തെ ഏറ്റവും മികച്ച സെലിബ്രിറ്റി ട്രെയിനറാണിദ്ദേഹം. മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ട്രെയിനർ കൂടിയായ വിനോദ് അനന്തിന് കൃത്യമായ വ്യായാമവും ഭക്ഷണ ക്രമവും നിർദേശിച്ച് കൂടെ നിന്നാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചത്.
2017-ൽ വമ്പൻ തുകയാണ് ഇതിനായി ഈടാക്കിയത്. ഇദ്ദേഹത്തിന്റെ 12 സെഷന് ഒന്നര ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെത്തി വ്യക്തിഗത പരിശീലനം നൽകുന്നതിന് മൂന്നര മുതൽ അഞ്ച് ലക്ഷം വരെ ഈടാക്കുന്നതായും മറ്റു ചില റിപ്പോർട്ടുകളും പറയുന്നുണ്ട്.
അനന്ത് അംബാനിയുടെ ഡയറ്റിനെക്കുറിച്ചും ഒരിക്കൽ വിനോദ് ഛന്ന പറഞ്ഞിരുന്നു. അന്ന് അമിതഭാരം കുറയ്‌ക്കാൻ ആനന്ദ് പ്രതിജ്ഞാബദ്ധനായിരുന്നെന്നാണ് വിനോദ് പറഞ്ഞത്. എന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും ജങ്ക് ഫുഡ് ശീലവുമുള്ളതിനാലും ചെറിയ പ്രയാസമുണ്ടായിരുന്നതായും വിനോദ് പറഞ്ഞു.