തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് വീണ്ടും സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റെയിൽവേ. രണ്ട് വന്ദേ ഭാരത് അടക്കം മൂന്ന് ട്രെയിനുകളുടെ സർവീസിന് പ്രധാനമന്ത്രി നാളെ പച്ചക്കൊടി വീശും.
മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20631/20632), പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ഡോ.എംജിആർ ചെന്നൈ സെൻട്രൽ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി–കൊല്ലം–തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴിയാകും പ്രധാനമന്ത്രി നിർവഹിക്കുക.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാർച്ച് 13 മുതൽ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാല് വരെ ദിവസവും സർവീസ് നടത്തും. തുടർന്ന് ബുധൻ ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സർവീസെന്നാണ് വിവരം. തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തും. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽ നിന്ന് കൊല്ലത്തേക്കും സർവീസ് നടത്തും.















