മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ കുറിപ്പ് ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ജയമോഹന്റെ എഴുത്തിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
‘ജയമോഹൻ സാർ പറഞ്ഞതിൽ ഒരു കാര്യം ഞാൻ സമ്മതിക്കുന്നു ഞങ്ങൾ ലഹരിക്ക് അടിമകളാണ് പക്ഷെ ആ ലഹരിയുടെ പേര് സിനിമ എന്നാണ്. ജീവിതകാലം മുഴുവൻ ആ ലഹരിയിൽ തന്നെ ഞങ്ങൾ ജീവിക്കും ആ ലഹരി സ്വപ്നം കണ്ടു വരുന്ന എല്ലാവരെയും ഞങ്ങൾ ചേർത്ത് നിർത്തുകയും ചെയ്യും.’- അഭിലാഷ് പിള്ള കുറിച്ചു.
മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ ചിത്രമാണെന്നാണ് ജയമോഹൻ ബ്ലോഗിൽ കുറിച്ചത്. മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ല. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന ആരും തന്നെ മലയാള സിനിമയിൽ ഇല്ലെന്നുമാണ് ജയമോഹൻ കുറിച്ചത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ’ എന്ന തലക്കെട്ടോടെയാണ് ജയമോഹൻ ബ്ലോഗിൽ പോസ്റ്റ് പങ്കുവച്ചത്.