ചെന്നൈ: അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനും ഡിഎംകെ നേതാവുമായിരുന്നു ജാഫർ സാദിഖിനെതിരെ ഇഡിയും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതി സ്ഥാവര-ജംഗമ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിന് സമാന്തരമായിട്ടായിരിക്കും ഇഡി അന്വേഷണമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് ഒൻപതിനാണ് സിനിമ നിർമാതാവും ഡിഎംകെ നേതാവുമായിരുന്ന ജാഫർ സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത് 2,000 കോടിയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് ജാഫർ സാദിഖ് നേതൃത്വം കൊടുക്കുന്ന മാഫിയ വിദേശത്തേക്ക് കടത്തിയത്.
അറസ്റ്റിന് പിന്നാലെ എൻസിബി ഉദ്യോഗസ്ഥർക്ക് മുന്നിൽ ജാഫർ സാദിഖ് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഉദയനിധി സ്റ്റാലിന് ഏഴുലക്ഷം രൂപ നൽകിയതായി സാദിഖ് എൻസിബി ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രളയ സഹായനിധി എന്ന പേരിലും പാർട്ടി ഫണ്ട് എന്ന പേരിലുമാണ് പണം നൽകിയത്. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള ജാഫർ സാദിഖിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. പ്രതി നിർമിച്ച സിനിമ സംവിധാനം ചെയ്തതിന് സ്റ്റാലിന്റെ മരുമകളാണ്.
സ്റ്റാലിൻ കുടുംബവും ജാഫർ സാദിഖും തമ്മിലുള്ള അടുത്ത ബന്ധം പുറത്ത് വന്നതിന് പിന്നാലെ ഡിഎംകെ ” മയക്കുമരുന്ന് വിപണന കഴകം ” ആയി മാറിയിരിക്കുന്നെന്ന് ബിജെപി വിമർശിച്ചു. അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റ് കേസിൽ അറസ്റ്റിലായ മുൻ ഡിഎംകെ നേതാവുമായുള്ള ബന്ധം വിശദീകരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ബിജെപി ആവശ്യപ്പെട്ടിട്ടു.















