ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമായിരിക്കും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുക. പൗരത്വ നിയമഭേദഗതി വിജ്ഞാപനം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പൗരത്വ ഭേദഗതി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത്.
2019 ഡിസംബറിലെ ശൈത്യകാല സമ്മേളനത്തിലാണ് പാർലമെന്റിൽ പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, ക്രൈസ്തവർ, ബുദ്ധന്മാർ, ജൈനന്മാർ, സിഖുകാർ തുടങ്ങിയവർക്ക് ഭാരതത്തിൽ അഭയം നൽകുകയെന്നതാണ് ബില്ലിന്റെ ലക്ഷ്യം. 2014ൽ ഇന്ത്യയിലേക്ക് മത പീഡനത്തെ തുടർന്ന് അഭയാർത്ഥികളായി എത്തിയവർക്ക് പൗരത്വം നൽകുന്നതാണ് പൗരത്വേ ഭേദഗതി ബിൽ. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പാകിസ്താനിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിൽ അഭയം നൽകണമെന്നു സംബന്ധിച്ച കാര്യങ്ങൾ ഉയർന്നു വന്നിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് രണ്ടാം നരേന്ദ്രമോദി സർക്കാർ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്നത്.
പൗരത്വ ഭേദഗതി നിയമം പ്രബാല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വിജ്ഞാപനം ഇറങ്ങുന്നതോടു കൂടി മത പീഡനം അനുഭവിച്ച ജനങ്ങൾക്ക് ഭാരതത്തിൽ എന്നത്തേക്കുമായി പൗരത്വം ലഭിക്കുമെന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.















