ന്യൂഡൽഹി: അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷണത്തിന്റെ ഭാഗമായ ഡിആർഡിഒയുടെ ശാസ്ത്രജ്ഞർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധ പ്രഹര ശേഷിയുള്ള മിസൈലാണ് അഗ്നി 5. മിഷൻ ദിവ്യാസ്ത്ര എന്ന പേരിലാണ് അഗ്നി 5ന്റെ പരീക്ഷണം നടത്തിയത്.
എംഐആർവി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലക്ഷ്യം വയ്‌ക്കുന്ന ഏത് സ്ഥാനത്തേക്കും മിസൈലിന് ഒന്നിലധികം പ്രദേശങ്ങളിൽ ആക്രമണം നടത്താൻ സാധിക്കും. ആക്രമണത്തിന് ശേഷം ഇതിന്റെ സാങ്കേതിക വിദ്യകളെല്ലാം ഒരു പരിധി വരെ തിരിച്ചു കൊണ്ടുവരാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് അഗ്നി 5ൽ അടങ്ങിയിരിക്കുന്നത്. പദ്ധതിയുടെ പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് ഒരു വനിതയാണെന്നുള്ളതും സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു ചുവട്‌വയ്പ്പിലേക്കെത്തിക്കുന്നു.
ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭൂഖണ്ഡാന്തര മിസൈലാണിത്. ഇന്ത്യയിൽ നിന്നും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് ലക്ഷ്യം വയ്‌ക്കാൻ സാധിക്കുന്ന മിസൈലാണ് അഗ്നി 5. 600 കിലോമീറ്റർ മുതൽ 7,000 കിലോമീറ്റർ വരെ ദൂരപരിധിയിലെത്താൻ സാധിക്കുന്ന ഈ മിസൈൽ ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ കോട്ട തീർക്കുമെന്നതിൽ സംശയമില്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് അഗ്നി 5 മിസൈലിനുള്ളത്. ഇന്ത്യയുടെ ആയുധ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമായി മാറിയിരിക്കുകയാണ് അഗ്നി 5 മിസൈൽ.