മലയാളികളുടെ ഇഷ്ട നടൻ ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമായ കത്തനാരിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന വേളയിൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അനുഷ്‌ക ഷെട്ടിയും കത്തനാരിന്റെ ഭാഗമായിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളത്തിലേക്കുള്ള അനുഷ്‌കയുടെ ആദ്യ കടന്നുവരവ് കൂടിയാണിത്. മലയാളക്കരയെ ഒന്നടങ്കം അത്ഭുതത്തിലാഴ്‌ത്തിയ കടമറ്റത്ത് കത്തനാരിന്റെ കഥകൾ നിരവധിയാണ്. അരുന്ധതിയെന്ന ഹൊറർ ചിത്രത്തിലൂടെ പ്രേക്ഷകരെ കിടിലം കൊള്ളിച്ച അനുഷ്‌ക, കത്തനാരിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ അഭിനയമായിരിക്കും കാഴ്ചവയ്‌ക്കുന്നത്.
റോജിൻ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കത്തനാർ സിനിമ ഒരു വിഷ്വൽ ട്രീറ്റ് തരുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ രണ്ട് മിനിറ്റിലധികം ദൈർഘ്യം വരുന്ന ഒരു ഗ്ലിംസ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ അറിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്. 30ലധികം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം തന്നെ പുറത്തിറങ്ങും. നീൽ ഡി കുഞ്ഞ ചിത്രത്തിന്റ ഛായാഗ്രഹണവും, രാഹുൽ സുബ്രഹ്‌മണ്യൻ ഉണ്ണി ചിത്രത്തിന്റെ സംഗീതവും ഒരുക്കുന്നു. 45,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്‌ളോറിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് കത്തനാരിന്റെ ചിത്രീകരണം നടക്കുന്നത്.