സിഎഎ കേരളത്തിൽ നടപ്പാവില്ല; അടിവരയിട്ട് പറയുന്നുവെന്ന് മുഖ്യമന്ത്രി

Published by
Janam Web Desk

തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019ൽ പാസായ സിഎഎ ബിൽ ഇതോടെ നിലവിൽ വന്നിരിക്കുകയാണ്. പൗരത്വം വേണ്ടവർക്ക് അപേക്ഷിക്കുന്നതിനായി ഉടൻ തന്നെ സിഎഎ പോർട്ടൽ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ പഴയ നിലപാട് വീണ്ടുമാവർത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

സിഎഎ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നിരിക്കെ ഇത് കേരളത്തിൽ നടപ്പാവില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. ആരുടേയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ള നിയമമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും സിഎഎ എന്നാൽ സമൂഹത്തിലെ മുസ്ലീം ജനതയെ ആട്ടിയോടിക്കാനുള്ള നിയമമാണെന്ന് സ്ഥാപിക്കാനുള്ള ഇടതുസമീപനം മുഖ്യമന്ത്രി ആവർത്തിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും ഇപ്പോഴും അടിവരയിട്ടു പറയുന്നതായും അദ്ദേഹം പറഞ്ഞു. വർഗീയ വിഭജന നിയമമാണ് സിഎഎ എന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി പൗരത്വനിയമം എതിർക്കുന്ന കാര്യത്തിൽ കേരളം ഒന്നിച്ച് നിൽക്കുമെന്നും അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും അഭയം തേടി ഭാരതത്തിലേക്ക് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് (ഹിന്ദു, സിഖ്. ജൈൻ, പാഴ്സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ) പൗരത്വം നൽകുന്നതിനാണ് പൗരത്വ ഭേദ​ഗതി നിയമമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment