പൗരത്വനിയമം 2024 പ്രകാരം ആർക്കെല്ലാം പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം? സെക്ഷൻ 6 ബി പ്രകാരം യോഗ്യരായവർക്കാണ് സിഎഎ അനുസരിച്ച് ഇന്ത്യൻ പൗരത്വം നേടാനാവുക.
സെക്ഷൻ 6Bയിൽ പറയുന്നത്:
1. ഇന്ത്യൻ വംശജരായ വ്യക്തി
2. ഇന്ത്യൻ പൗരത്വമുള്ള വ്യക്തിയെ വിവാഹം കഴിച്ചയാൾ
3. പ്രായപൂർത്തിയാകാത്ത വ്യക്തിയാണെങ്കിൽ ഇന്ത്യൻ പൗരത്വമുള്ള രക്ഷിതാവിന്റെ കുട്ടിയാകണം.
4. ഇന്ത്യൻ പൗരന്മാരായി രജിസ്റ്റർ ചെയ്ത മാതാപിതാക്കളുള്ള വ്യക്തി
5. മാതാപിതാക്കളിൽ ആരെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ പൗരത്വം ഉണ്ടായിരുന്നവർ ആണെങ്കിൽ
6. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡറായി രജിസ്റ്റർ ചെയ്ത വ്യക്തി
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രത്യേക രേഖകൾ:
ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പ്രധാനമായും രണ്ട് പ്രത്യേക രേഖകളാണ് സമർപ്പിക്കേണ്ടി വരിക. അപേക്ഷിതാവിന്റെ സ്വഭാവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്ന ഇന്ത്യൻ പൗരന്റെ സത്യവാങ്മൂലം ആവശ്യമാണ്. കൂടാതെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് അപേക്ഷിതാവിന് മതിയായ അറിവുണ്ടാകണം. പട്ടികയിൽ പരാമർശിക്കുന്ന ഏതെങ്കിലും ഒരു ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം.
ജില്ലാതല കമ്മിറ്റി മുഖേന എംപവേർഡ് കമ്മിറ്റിക്ക് ഇലക്ട്രോണിക് രൂപത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുള്ള ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ജില്ലാതല കമ്മിറ്റി. അപേക്ഷയും അപേക്ഷിതാവ് സമർപ്പിച്ച രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ജില്ലാതല കമ്മിറ്റിയായിരിക്കും. രേഖകൾ പരിശോധിക്കുന്നതിനൊപ്പം അപേക്ഷിതാവിനെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം ചട്ടങ്ങൾ പ്രകാരം യോഗ്യരാണെന്ന് കണ്ടാൽ എംപവേർഡ് കമ്മിറ്റി പൗരത്വം നൽകുന്നതാണ്.















