ന്യൂഡൽഹി : അയോദ്ധ്യയിൽ രാമഭക്തർക്ക് നേരെ വെടിയുതിർത്ത റിട്ടയേർഡ് പോലീസുകാർക്കെതിരെ പോലീസിൽ പരാതി നൽകി ഹിന്ദു മോർച്ച . ഡൽഹിയിൽ റോഡ് തടസ്സപ്പെടുത്തി നിസ്ക്കരിച്ചവരെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു . ഇതിനു പിന്നാലെയാണ് രാമഭക്തർക്ക് നേരെ വെടിയുതിർത്ത റിട്ടയേർഡ് പോലീസുകാർക്കെതിരെ പരാതി ഉയർന്നത് .
മനോജ് തോമറിനെ സസ്‌പെൻഡ് ചെയ്ത നോർത്ത് ഡിസിപിയുടെ ഓഫീസിൽ തന്നെയാണ് ഹിന്ദു സംഘടന പരാതി നൽകിയത് . സംഘടനയുടെ ദേശീയ അധ്യക്ഷൻ ദീപക് മാലിക് ആണ് പരാതി നൽകിയത്. 1990 ഒക്‌ടോബർ 22ന് അയോദ്ധ്യക്കടുത്ത് ബസ്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സാന്ദ്പൂർ ഗ്രാമത്തിൽ എത്തിയ പോലീസ് രാമഭക്തർക്ക് നേരെ വെടിയുതിർത്തതായും ,മൂന്ന് പേർ കൊല്ലപ്പെട്ടതായും ദീപക് പരാതിയിൽ പറയുന്നു.
ബസ്തിയിലെ അന്നത്തെ ഐപിഎസ് ഓഫീസറായിരുന്ന സുഭാഷ് ചന്ദ്ര ഗുപ്ത ഇപ്പോൾ ഗാസിയാബാദിൽ വിരമിക്കൽ ജീവിതം ആസ്വദിക്കുകയാണെന്ന് ദീപക് മാലിക് പരാതിയിൽ പറയുന്നു. റോഡിൽ നിസ്ക്കരിച്ചവരെ തടഞ്ഞത് കുറ്റമാണെങ്കിൽ രാമഭക്തന്മാർക്ക് നേരെ വെടിയുതിർത്തത് കുറ്റമല്ലേ , തന്റെ പരാതിയിൽ നടപടിയെടുക്കുകയും സുഭാഷ് ചന്ദ്ര ഗുപ്തയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്തില്ലെങ്കിൽ ഭരണഘടനാപരമായി പ്രതിഷേധിക്കുമെന്നും ദീപക് പറഞ്ഞു