മുംബൈ: നഗരത്തിലെ ആദ്യ തീരദേശ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. റോഡിന്റെ 9.5 കിലോമീറ്ററാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. സ്ത്രീകൾക്കായി പ്രത്യേക സിറ്റി ട്രാൻസ്പോർട്ട് ബസ് ഉൾപ്പെടെയുള്ള സർവീസുകളാണ് തീരദേശ റോഡ് വഴി സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. മെയ് മാസത്തോടെ റോഡിന്റെ പണി പൂർണമായും പൂർത്തിയാകും. തിങ്കാളാഴ്ച നടന്ന ചടങ്ങിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്നാണ് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ധർമ്മവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മാർഗ് എന്നാണ് തീരദേശ റോഡിന്റെ ഔദ്യോഗിക പേര്. ഏകദേശം 14,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പണി പൂർത്തിയാകുന്നതോടെ റോഡ് ബാന്ദ്ര വോർലി സീ ലിങ്കുമായി നഗരത്തിന്റെ തെക്കേ അറ്റത്തെ ബന്ധിപ്പിക്കും. നിലവിൽ, തീരദേശ റോഡിലെ ഗതാഗതം മറൈൻ ഡ്രൈവിനും വോർലിക്കും ഇടയിലുള്ള തെക്കേ അറ്റത്തേക്കുള്ള യാത്രക്ക് മാത്രമാണ്.