ന്യൂഡൽഹി: ഭാരതത്തിന്റെ തദ്ദേശീയ മിസൈലായ അഗ്നി-5ന്റെ പരീക്ഷണം വിജയകരമായ വിവരം കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ‘മിഷൻ ദിവ്യാസ്ത്ര’ എന്ന് പേരിട്ട ദൗത്യം ഭാരതത്തിന്റെ യശസ്സുയർത്തിയതിനൊപ്പം ആത്മനിർഭരതയിലേക്ക് വലിയൊരു ചുവടുവയ്പ്പ് കൂടിയാണ് നടത്തിയത്. ഹൈദരാബാദിലെ ഡിആർഡിഒ ആസ്ഥാനത്ത് ദിവ്യാസ്ത്ര ദൗത്യത്തിനായി നേതൃത്വം നൽകിയത് ഷീനാ റാണിയാണെന്നത് രാജ്യത്തെ സ്ത്രീശാക്തീകരണം കൂടി ഉയർത്തിക്കാട്ടുകയാണ്.
ആണവായുധ പ്രഹര ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5ന് വേണ്ടി 1999 മുതലാണ് ഷീനാ റാണി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇന്ന് ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ ഏജൻസിയിൽ നിന്ന് ദിവ്യാസ്ത്രം വികസിപ്പിച്ച ദിവ്യ പുത്രിയെന്നും രാജ്യത്തിന്റെ ‘ഷീറോ’ എന്നും അറിയപ്പെടുകയാണ് ഷീന.
ഭാരതത്തെ സംരക്ഷിക്കാനുള്ള ഡിആർഡിഒ കുടുംബത്തിലെ അംഗമാണ് താനെന്ന് ഷീന റാണി പറയുന്നു. അഗ്നി സീരീസ് മിസൈലുകൾ വികസിപ്പിച്ചതിൽ സുപ്രധാന പങ്കുവഹിച്ച ഇതിഹാസ മിസൈൽ ടെക്നോളജിസ്റ്റ് ടെസ്സി തോമസ് എന്ന ഭാരതത്തിന്റെ അഗ്നിപുത്രിയെയാണ് താൻ മാതൃകയാക്കിയതെന്ന് അവർ വ്യക്തമാക്കി.
ഡിആർഡിഒയുടെ അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയിൽ എനർജിയുടെ പവർഹൗസ് എന്നാണ് 57-കാരിയായ ശാസ്ത്രജ്ഞ അറിയപ്പെടുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എഞ്ചിനീയറാണ് ഷീന. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ഇവർ ഏകദേശം എട്ട് വർഷത്തോളം ഭാരതത്തിന്റെ അഭിമാന റോക്കട്രി ലാബായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) പ്രവർത്തിച്ചിരുന്നു. 1998ൽ പ്രൊഖ്രാനിൽ നടന്ന ആണവായുധ പരീക്ഷണത്തിന് ശേഷം ഡിആർഡിഒയുടെ ഭാഗമായി.
1999 മുതൽ അഗ്നി സീരീസ് മിസൈലുകളുടെ ലോഞ്ച് കൺട്രോൾ സിസ്റ്റത്തിലാണ് റാണി പ്രവർത്തിച്ചത്. ഭാരതത്തിന്റെ മിസൈൽമാനും മുൻ രാഷ്‌ട്രപതിയും ഡിആർഡിഒ മുൻ മേധാവിയുമായ ഡോ. എപിജെ അബ്ദുൾകലാമാണ് തന്റെ റോൾമോഡലെന്നും അദ്ദേഹത്തിൽ നിന്നും വലിയരീതിയിൽ പ്രചോദനം ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടെന്നും ഷീന റാണി പറയുന്നു. യാദൃശ്ചികമെന്നോണം കലാമിനെ പോലെ വിഎസ്എസ് സിയിൽ നിന്ന് തന്നെയായിരുന്നു ഷീനയും കരിയർ ആരംഭിച്ചത്.
ഡിആർഡിഒയിൽ മിസൈലുകൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചയാളാണ് ഷീനയുടെ ഭർത്താവ് പിഎസ്ആർഎസ് ശാസ്ത്രി. കൂടാതെ 2019 ൽ ഐഎസ്ആർഒ വിക്ഷേപിച്ച കൗടില്യ ഉപഗ്രഹത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഇലക്ട്രോണിക് ഇൻ്റലിജൻസ് ശേഖരിക്കാൻ ഉപയോഗപ്രദമായ സാറ്റ്ലൈറ്റായിരുന്നു കൗടില്യ.
Multiple Independently Targetable Re-Entry Vehicle (MIRV) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ ആദ്യ വിജയകരമായ പരീക്ഷണം മിഷൻ ദിവ്യാസ്ത്ര എന്ന പേരിൽ ഒഡീഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് നടത്തിയത്. ഇതോടെ യുഎസ്, യുകെ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേർക്കപ്പെട്ടിരിക്കുകയാണ്. MIRV ശേഷിയുള്ള മിസൈൽ തദ്ദേശീയമായി വികസിപ്പിച്ച ആറാമത്തെ രാജ്യമായി ഭാരതം മാറി.