ന്യൂഡൽഹി: എൻസിസിയിൽ മൂന്ന് ലക്ഷം ഒഴിവുകൾ വർദ്ധിപ്പിച്ചു. എൻസിസി വിപുലീകരിക്കാനുള്ള നിർദ്ദേശത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നൽകി. എൻസിസിയിലെ കേഡറ്റ് ഒഴിവുകൾ വർദ്ധിപ്പിച്ചാൽ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് എൻസിസി വ്യക്തമാക്കി.
1948-ൽ 20,000 കേഡറ്റുകളുണ്ടായിരുന്ന എൻസിസിക്ക് ഇപ്പോൾ രാജ്യത്തുടനീളം 20 ലക്ഷം കേഡറ്റുകളാണുള്ളത്. രാജ്യത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടിയുള്ള പുതിയ ചുവടുവയ്പ്പാണ് എൻസിസിയുടെ വിപുലീകരണം. എല്ലാ സംസ്ഥാനങ്ങളിലും എത്രയും വേഗം ഇത് നടപ്പിലാക്കുമെന്ന് എൻസിസി അറിയിച്ചു.
മുൻ സൈനികരെ എൻസിസി ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിനുള്ള നടപടിയും ഉണ്ടാകും. ഇതിലൂടെ മുൻ സൈനികരുടെ അനുഭവങ്ങളും അറിവുകളും യുവ കേഡറ്റുമാരുമായി പങ്കുവയ്‌ക്കാനും പ്രചോദനം നൽകാനും സാധിക്കും. രാഷ്‌ട്ര നിർമ്മാണത്തിന് യുവാക്കളെ പ്രചോദിപ്പിക്കുക, അച്ചടക്കത്തോടെ ജീവിക്കാൻ പഠിപ്പിക്കുക, രാജ്യത്തെ സേവിക്കാനുള്ള കരുത്ത് ആർജ്ജിക്കുക എന്നതാണ് എൻസിസി ലക്ഷ്യമിടുന്നത്.