തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 13 മുതൽ 17 വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും പാലക്കാട്, കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന്റെ അടുത്ത് താപനില ഉയർന്നേക്കാമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂരിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂടും അസ്വസ്ഥതയും കൂടുതലായിനാൽ തന്നെ ഉഷ്ണജന്യ രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ വെയിൽ നേരിട്ട് ശരീരത്തിൽ പതിക്കുന്നത് സൂര്യാഘാതമേൽക്കുന്നതിന് കാരണമാകുന്നു. നിർജ്ജലീകരണം തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.















