കൊല്ലം: കൊല്ലം-തിരുപ്പതി റൂട്ടിലുള്ള ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓൺലൈനിലൂടെയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കൊല്ലത്ത് നിന്നും ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാകും സർവീസ് ഉണ്ടായിരിക്കുക. തിരുപ്പതിയിൽ നിന്നും ബുധൻ-ശനി എന്നീ ദിവസങ്ങളിലും സർവീസ് ലഭ്യമാകും.
ഫെബ്രുവരി 15-ന് ഉച്ചയ്‌ക്ക് 2.40-ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 6.20-ന് കൊല്ലത്തെത്തും. 16-ാം തീയതി രാവിലെ 10.45-ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന ട്രെയിനിന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം ജോലാർപ്പെട്ട്, കാട്പാടി, ചിറ്റൂർ എന്നിവർക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 17-ാം തീയതി രാവിലെ 3.20-ന് ട്രെയിൻ തിരുപ്പതിയിൽ എത്തും.
രണ്ട് എസി ടു ടയർ, അഞ്ച് എസി ത്രീ ടയർ, ഏഴ് സ്‌ളീപ്പർക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക കോച്ച് എന്നിങ്ങനെയാണ് ട്രെയിനിലുള്ളത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും തീർത്ഥാടകർക്ക് ഇത് ഏറെ ഗുണകരമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് ചെങ്ങന്നൂരിൽ ഇറങ്ങി പമ്പയിലേക്ക് പോകാവുന്നതാണ്. വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും ട്രെയിൻ സർവീസ് പ്രയോജനപ്പെടും.















