ചെന്നൈ: സാമ്പാറിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൂടുതൽ സാമ്പാർ നൽകാത്തതിനാൽ ഹോട്ടൽ മാനേജരെ അച്ഛനും മകനും ചേർന്ന് അടിച്ചുകൊലപ്പെടുത്തി. തമിഴ്നാട് ചെന്നൈയിലെ പമ്മലിലെ പ്രമുഖ ഹോട്ടലായ ആനന്ദ ഭവൻ റെസ്റ്റോറന്റിലെ സൂപ്പർവൈസറായ അരുൺ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അനകാപൂത്തൂർ സ്വദേശികളായ ശങ്കർ, അരുൺകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ശങ്കറും മകനും റെസ്റ്റോറൻ്റിലെത്തി ഭക്ഷണം പാഴ്സലായി വാങ്ങി. അധികമായി സാമ്പാർ വയ്‌ക്കണെമന്ന് ആവശ്യപ്പെട്ടങ്കിലും ജീവനക്കാർ ഇതിന് തയ്യറായിരുന്നില്ല. ഇതിന് പിന്നാലെ സംഘർഷവും വാക്കുതർക്കവും ഉടലെടുത്തു. പിന്നാലെ ജീവനക്കാരനെ അച്ഛനും മകനും ചേർന്ന് തല്ലിച്ചതച്ചു. ഇത് തടയാനെത്തിയതാണ് അരുൺ. ഇയാളും മർദ്ദനത്തിനിരയായി. പിന്നാലെ ഇയാൾ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.