എറണാകുളം: യുഎപിഎ കേസുകളുടെ രേഖകൾ കാണാനില്ല. കോടതിയിൽ നിന്നും നഷ്ടപ്പെട്ട കേസ് രേഖകളിൽ ഭീകരവാദ കേസ് രേഖകളുമുണ്ടെന്ന് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വധഭീഷണി കേസ് രേഖകളാണ് കാണാതായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ രേഖകളാണ് നഷ്ടമായത്. തമിഴ്നാട് സ്വദേശികളായ അഞ്ച് പേരാണ് കേസിലെ പ്രതികൾ.
എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊലപാതക കേസിലെ രേഖകൾ കാണാതായ സംഭവം വിവാദമായതിന് പിന്നാലെയാണ് അതി സുരക്ഷ ഉറപ്പാക്കേണ്ട യുഎപിഎ കേസ് രേഖകളും കാണാതായിരിക്കുന്നത്. അഭിമന്യു കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ കുറ്റപത്രം അടക്കമുള്ള രേഖകളാണ് നഷ്ടപ്പെട്ടത്. രേഖകൾ നഷ്ടമായ വിവരം സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2018 സെപ്റ്റംബർ 26 നാണ് കുറ്റപത്രം സമർപ്പിച്ചത്. മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.