ബെർലിൻ : തെക്കൻ ജർമ്മൻ നഗരമായ ന്യൂറംബർഗിന്റെ മധ്യഭാഗത്തുള്ള കൂട്ടക്കുഴിമാടങ്ങളിൽ 1000-ലധികം അസ്ഥികൂടങ്ങൾ കണ്ടെത്തി.പുതിയ അപ്പാർട്ടുമെൻ്റുകളുടെ നിർമാണത്തിന്റെ ഭാഗമായി പുരാവസ്തു പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. എട്ട് കുഴികൾ തിരിച്ചറിഞ്ഞു, ഓരോന്നിലും നൂറുകണക്കിന് മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഈ കുഴികളിൽ അടക്കം ചെയ്യപ്പെട്ടവർ പ്ലേഗിന് ഇരയായവരാണെന്നു കണക്കാക്കുന്നു.
പുരാവസ്തു ഗവേഷണ കമ്പനിയായ ഇൻ ടെറ വെരിറ്റാസിന്റെ പഠനങ്ങൾ പ്രകാരം, പ്ലേഗു മൂലം മരണമടഞ്ഞവർക്കുള്ള കൂട്ടക്കുഴിമാടങ്ങളിൽ യൂറോപ്പിലെ എക്കാലത്തെയും വലിയതായിരിക്കും ജർമ്മനിയിൽ ഇപ്പോൾ കണ്ടെത്തിയത് എന്നാണ് വിദഗ്‌ദ്ധാഭിപ്രായം.
കണ്ടെത്തിയ കുഴികളിലെ മാസ് ഗ്രേവ് 4 (MG 4) നിർമ്മിച്ചത് 1400 കളുടെ അവസാനത്തിനും 1600 കളുടെ തുടക്കത്തിനും ഇടയിലാണ് എന്നാണ് റേഡിയോകാർബൺ ഡേറ്റിംഗ് സൂചിപ്പിക്കുന്നത്. MG 2 ൽ കണ്ടെത്തിയ വെള്ളി നാണയങ്ങൾ സൂചിപ്പിക്കുന്നത് ആ കുഴിമാടം 1619 അല്ലെങ്കിൽ 1622 ന് ശേഷം നിർമ്മിച്ചതാണെന്ന്. 1622 നും 1634 നും ഇടയിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധികളിൽ നിന്നുള്ളതാണ് ബാക്കി ശവക്കുഴികൾ. 1943-ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ആ കൂട്ടക്കുഴിമാടത്തിന് കേടുപാടുകൾ സംഭവിച്ചു എന്നും അനുമാനിക്കുന്നു.
16-ഉം 17-ഉം നൂറ്റാണ്ടുകൾക്കിടയിൽ ന്യൂറംബർഗിൽ 3 വലുതും ചെറുതുമായ പ്ലേഗ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിരുന്നു; 1533 (5,000 മരണം), 1563 (10,000 മരണം), 1634 (15,000 മരണം) എന്നിങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ട മരണക്കണക്കുകൾ.
യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബ്യൂബോണിക് പ്ലേഗാണ് ” ബ്ലാക്ക് ഡെത്ത് ” . 1346 നും 1353 നും ഇടയിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യൂറോപ്യൻ ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധി ഉണ്ടായത്. അതിൽ ഒരുപക്ഷേ യൂറോപ്പിലെ ജനസംഖ്യയുടെ പകുതി,ഏകദേശം 50 ദശലക്ഷം ആളുകൾ മരിച്ചു. തുടർന്നുള്ള 400-500 വർഷങ്ങളിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ പ്ളേഗിന്റെ വിളയാട്ടമായിരുന്നു. പ്ളേഗ് അഥവാ ബ്ളാക്ക് ഡെത്ത് മൂലമുള്ള മൊത്തം മരണങ്ങൾ 75-നും 200 ദശലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.
ന്യൂറംബർഗിലെ സെൻ്റ് റോച്ചസ് പോലുള്ള പരമ്പരാഗത പ്ലേഗ് സെമിത്തേരികളിൽ നിന്ന് വ്യത്യസ്തമായി, ഈ ഇരകളെ ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി അടക്കം ചെയ്തിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ദ്രുതഗതിയിലുള്ള ശവസംസ്‌കാരത്തിന്റെ ആവശ്യകത ഉണ്ടായി എന്നതാണ് ഇതിനു കാരണം .
യെർസിനിയ പെസ്റ്റിസ് എന്ന പ്ലേഗ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ വിശകലനം ആവശ്യമാണ്.
യൂറോപ്പിലെ അവസാനത്തെ മാരകമായ ബ്ലാക്ക് ഡെത്ത് പകർച്ചവ്യാധി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു. ഇന്നും ഓരോ വർഷവും നൂറുകണക്കിന് കേസുകളുണ്ട് . ഇവയിൽ ഏകദേശം 10% കേസുകൾ ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്നു.