ന്യൂഡൽഹി:’ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട റിപ്പോർട്ട് രാഷ്‌ട്രപതിക്ക് സമർപ്പിച്ച് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി. ലോക്‌സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് ഇന്ന് രാവിലെയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും സമിതിയിലെ അംഗവുമായ അമിത് ഷായുടെ സാന്നിധ്യത്തിലാണ് 18,626 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും രണ്ടാം ഘട്ടമെന്ന നിലക്ക് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുമാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ, നിയമസഭാ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനായി ഏക വോട്ടർപട്ടിക വേണമെന്ന നിർദ്ദേശവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. സമിതി രൂപീകരിച്ച് 191 ദിവസങ്ങൾ പൂർത്തിയാകുമ്പോഴാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പഠിക്കാൻ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എല്ലാ രാഷ്‌ട്രീയ പാർട്ടികളും പിന്തുണയ്‌ക്കണമെന്നാവശ്യപ്പെട്ട് രാംനാഥ് കോവിന്ദ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.