ലക്‌നൗ: അമേഠിയിലെ 8 റെയിൽവേ സ്റ്റേഷനുകൾക്ക് ക്ഷേത്രങ്ങളുടെയും ആചാര്യമാരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പേരുകൾ നൽകാൻ തീരുമാനം. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. അമേഠിയിലെ സ്ഥലങ്ങളിലെ പൈതൃകവും തനിമയും നിലനിർത്തുന്നതിനും സാംസ്‌കാരികത ഉയർത്തിപിടിക്കുന്നതിനുമാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
”അമേഠിയിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അമേഠിയുടെ സാംസ്‌കാരിക തനിമയും പൈതൃകവും സംരക്ഷിക്കുന്നതിന് ഈ തീരുമാനം പ്രയോജനപ്പെടും. ക്ഷേത്രങ്ങളുടെയും, ആചാര്യന്മാരുടെയും, സ്വാതന്ത്ര്യസമര സേനാനികളുടെയും പേരുകൾ ഈ 8 സ്റ്റേഷനുകൾക്ക് നൽകും.”- സ്മൃതി ഇറാനി എക്‌സിൽ കുറിച്ചു.
റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ അംഗീകാരം ലഭിച്ചതോടെ കാസിംപൂർ ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ജെയ്‌സ് സിറ്റി എന്ന് പുനഃനാമകരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. കാസിംപൂർ ഗ്രാമത്തിൽ ധാരാളം മുസ്ലീം സമുദായക്കാരുള്ളതിനാലാണ് ജെയ്‌സ് സിറ്റി എന്ന് പുനഃ നാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനുപുറമെ ബാനി, മിസ്രൗലി, അക്ബർഗഞ്ച്, ഫുർസത്ഗഞ്ച് റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം ശിവന്റെയും കാളിയുടെയും നിരവധി ക്ഷേത്രങ്ങളുണ്ട്, അതിനാൽ ഈ സ്റ്റേഷനുകൾക്ക് സ്വാമി പരംഹൻസ്, മാ കാലികാൻ ധാം, മാ അഹോർവ ഭവാനി ധാം, തപേശ്വർനാഥ് ധാം റെയിൽവേ സ്റ്റേഷനുകൾ എന്ന് പുനർനാമകരണം ചെയ്യാനാണ് നിർദ്ദേശമായിരിക്കുന്നത്.
നിഹാൽഗഡ് റെയിൽവേ സ്റ്റേഷന് മഹാരാജ ബിജിലി പാസിയുടെ പേര് നൽകാനും വാരിസ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് 1857ൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ അമർ ഷാഹിദ് ഭലേ സുൽത്താന്റെ പേര് നൽകാനുമാണ് ഉദ്ദേശിച്ചിക്കുന്നതെന്നും നിർദ്ദേശത്തിൽ പറയുന്നു.