അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ 287 സ്കൂൾ കൂട്ടികളെ മോചിപ്പിക്കാൻ ഒരു ബില്യൺ ഡോളർ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. മാർച്ച് ഏഴിനാണ് നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കുരിഗ ഗ്രാമത്തിലെ സ്കൂളിൽ നിന്ന് തോക്കുധാരികളായ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള ഫോൺ കോൾ എത്തിയത്. ദിവസങ്ങൾക്കുള്ളിൽ സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കുരിഗ ഗ്രാമവാസിയായ അമിനു ജിബ്രിൽ , പറഞ്ഞു.
തട്ടിക്കൊണ്ടുപോയ കുട്ടികളിൽ 100 പേർ പ്രൈമറി സ്കൂളിൽ നിന്നുള്ളവരും ബാക്കിയുള്ളവർ സെക്കൻഡറി സ്കൂളിൽ നിന്നുള്ളവരുമാണ്.
അതേസമയം തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ 28 കുട്ടികൾ രക്ഷപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടിനും 15നും ഇടയിൽ പ്രായമുള്ളവരെയാണ് സായുധ സംഘം കൊണ്ടുപോയത്. സംഘർഷത്തെ തുടർന്ന് 14 വയസുള്ള ഒരു കുട്ടിക്ക് വെടിയേറ്റിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. 2021ന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകൽ സംഭവമാണിത്.
വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ തന്റെ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കടുന ഗവർണർ ഉബ സാനി പ്രസ്താവനയിൽ പറഞ്ഞു.