ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങളെല്ലാം ഭാഗികമായി തകർന്നു. തട്ടാരമ്പലം നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടം പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.
തട്ടാരമ്പലം ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് റോഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിലും മൂന്ന് ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. സമീപത്തുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ ഇടിച്ചാണ് വാഹനം നിന്നത്. അപകടസമയം റോഡരികിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങി പോയതാണ് അപകടത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.















