ന്യൂഡൽഹി: രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ കുറച്ച് കേന്ദ്രസർക്കാർ. ഓയിൽ മാർക്കറ്റിംഗ് കമ്പനികളാണ് വില പരിഷ്കരണം അറിയിച്ചത്. പുതുക്കിയ വില നാളെ രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും വാർത്ത അറിയിച്ച് എക്സിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
പെട്രോളിന്റെയും ഡീസലിന്റെയും പുതുക്കിയ വില നാളെ 6 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. പെട്രോൾ, ഡീസൽ വിലയിലെ കുറവ് പൗരന്മാർക്ക് പ്രയോജനമാകും. ടൂറിസം, ട്രാവൽ മേഖലയിലും വിലക്കുറവ് വലിയ സ്വാധീനം സൃഷ്ടിക്കും.
പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ കുറച്ചതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ കുടുംബത്തിന്റെ ക്ഷേമത്തിനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ രാജസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും 2 ശതമാനം വാറ്റ് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അറിയിച്ചു.
ഇത് മുന്നാം തവണയാണ് കേന്ദ്രം പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത്. 2021 നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രം യഥാക്രമം ലിറ്ററിന് 5 രൂപയും 10 രൂപയും കുറച്ചിരുന്നു. പിന്നീട്, 2022 മെയിലും കുറച്ചു. ഇത് യഥാക്രമം 8 രൂപയും 6 രൂപയുമായിരുന്നു. ഇതോടെ കഴിഞ്ഞ 28 മാസത്തിനുള്ളിൽ പെട്രോളിന് 15 രൂപയും ഡീസലിന് 18 രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്.