ബാർപേട്ട: ബിജെപിയുടെ രാഷ്ട്രീയമെന്നാൽ രാജ്യത്തിന്റെ വികസനമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ഭാരതത്തെ മുന്നോട്ട് നയിക്കുക എന്നതാണ് ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. അസമിലെ ബാർപേട്ടയിൽ എൻഡിഎ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാരുമായി നന്നായി ഇടപഴകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പ്രവർത്തകർക്ക് രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി.
“എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. പക്ഷേ, ഞങ്ങളുടെ രാഷ്ട്രീയം എന്നാൽ സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും രൂപീകരണത്തിന് വേണ്ടിയാണ് ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം. ഇതാണ് മറ്റ് രാഷ്ട്രീയ പാർട്ടികളും ബിജെപിയും തമ്മിലുള്ള വ്യത്യാസം. ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടിയല്ല ബിജെപി സർക്കാർ രൂപീകരിക്കുന്നത്”.
“നേരത്തെ അന്താരാഷ്ട്ര വേദികളിൽ ഭാരതം സംസാരിച്ചപ്പോൾ ആരും അത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. അന്താരാഷ്ട്ര വേദികളിൽ ഇന്ന് ഭാരതം സംസാരിക്കുമ്പോൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നു. കേന്ദ്രത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൻഡിഎ 400-ൽ അധികം സീറ്റുകൾ നേടുമെന്ന കാര്യം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു”- രാജ്നാഥ് സിംഗ് പറഞ്ഞു.