ന്യൂഡൽഹി: തെരുവോര കച്ചവടക്കാർക്ക് കൈത്താങ്ങായി പ്രധാനമന്ത്രിയുടെ സ്വനിധി. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം തെരുവോര കച്ചവടക്കാർക്കുള്ള വായ്പ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്തു. മുമ്പ് അധികാരത്തിലിരുന്നവർ തെരുവോരകച്ചവടക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ സേവകനായ ഞാൻ ദാരിദ്ര്യം അനുഭവിച്ചവനാണ്. ഞാൻ ദാരിദ്ര്യത്തിൽ ജീവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആരും നോക്കാനില്ലാത്തവരോട് കരുതൽ കാട്ടുന്നത്. സ്വനിധി പദ്ധതി പ്രകാരം 6.2 ദശലക്ഷം ഗുണഭോക്താക്കൾക്ക് 11,000 കോടി രൂപയുടെ സഹായം ഇതുവരെ ലഭിച്ചിട്ടുണ്ട്. സഹായം ലഭിച്ചവരിൽ ഏറെയും സ്ത്രീകളാണ്. സ്വനിധിയിലുടെ തെരുവോര കച്ചവടക്കാർക്ക് മറ്റ് മന്ത്രാലയങ്ങളുടെ ക്ഷേമപദ്ധതികളുടെ ആനുകൂല്യവും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2020-ലാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി ആരംഭിച്ചത്. തെരുവുകച്ചവടക്കാർക്ക് ഒരുവർഷത്തേക്ക് വായ്പ നൽകുന്ന പദ്ധതിയാണിത്. പ്രതിമാസത്തവണകളായി തിരിച്ചടക്കേണ്ട വിധത്തിൽ 10,000 രൂപ മുതൽ 50000 രൂപ വരെയാണ് അനുവദിക്കുക. ഈടില്ലാതെ കുറഞ്ഞ പലിശയ്‌ക്ക് വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.















