മുംബൈ: പൂനെ ഐഎസ് ഭീകരവാദക്കേസിൽ നാല് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഐഎസ് ഭീകരരായ എംഡി ഷാനവാസ് ആലം, റിസ്വാൻ അലി, അബ്ദുല്ല ഷെയ്ഖ്, തൽഹ ലിയാക്കത്ത് ഖാൻ എന്നിവരെയാണ് പ്രതി ചേർത്തത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതി ചേർത്തത്.
കഴിഞ്ഞ വർഷം നവംബറിൽ ബൈക്ക് മോഷണക്കേസിലാണ് ഐഎസ് ഭീകരർ അറസ്റ്റിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിരോധിത ഭീകര സംഘടനയായ ഐഎസിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. പിടിയിലായ പ്രതികളിൽ നിന്നും നിരവധി മാരകായുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ പിടിച്ചെടുത്തിരുന്നു.
പൂനെയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇതിനായി ഗൂഢാലോചനകൾ നടന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. ചില മൊബൈൽ ആപ്പുകൾ വഴി വിദേശത്തുള്ള ഭീകര സംഘടനകളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭീകരാക്രമണം നടത്തുന്നതിനായി പ്രതികൾക്ക് ഷൂട്ടിംഗ് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.















