യുവതാരങ്ങളായ നസ്‌ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രം പ്രേമലുവിന്റെ തമിഴ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ ഇപ്പോഴും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പ്രേമലുവിന്റെ തെലുങ്ക് പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് രണ്ടാം തവണയാണ് പ്രേമലു തമിഴ്‌നാട്ടിൽ റിലീസ് ചെയ്യുന്നത്.
ഫെബ്രുവരി ആദ്യവാരമായിരുന്നു പ്രേമലു തിയേറ്ററുകളിൽ എത്തിയത്. ഈ സമയത്ത് തന്നെ ചിത്രം തമിഴ്നാട്ടിലും റിലീസ് ചെയ്തിരുന്നു. എന്നാൽ പിന്നാലെ എത്തിയ മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട്ടിൽ ഹിറ്റായതോടെ പ്രേമലു പിൻവാങ്ങി. ഇന്നിതാ വീണ്ടും തമിഴകത്ത് അരങ്ങേറാനൊരുങ്ങുകയാണ് ചിത്രം.
ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും ലഭിച്ച സ്വീകാര്യതയാണ് തമിഴ് ഡബ്ബിംഗിന്റെ പ്രചോദനം. ചിത്രത്തിന്റെ തമിഴ് ട്രെയിലറും ടീസറും പുറത്തിറക്കിയിരുന്നു. റെഡ് ജൈന്റിനാണ് ചിത്രത്തിന്റെ വിതരണാവകാശം. യുവതാരങ്ങളെ അണിനിരത്തി എഡി ഗിരീഷാണ് ചിത്രം സംവിധാനം ചെയ്തത്. ഗിരീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.















