പ്രഭാത ഭക്ഷണം തലച്ചോറിന്റെ ആഹാരമാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന് പുറമേ ഉറക്കമുണർന്ന് കഴിഞ്ഞാൽ ആദ്യം കഴിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഉറങ്ങുമ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം വളരെ പതുക്കെയായിരിക്കും. അതുകൊണ്ട് തന്നെ പുതിയ ദിനത്തിന് ആവശ്യമായ ഊർജ്ജവും ഇന്ധനവും ലഭിക്കുന്നത് രാവിലെ ആദ്യം കഴിക്കുന്നത് എന്താണെന്നതിനെ അപേക്ഷിച്ചിരിക്കും. ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ദഹനപ്രശ്നങ്ങൾ, പൊണ്ണത്തടി, അസ്വസ്ഥത തുടങ്ങിയവയ്‌ക്ക് കാരണമാകും.
അസിഡിക് അംശം അടങ്ങിയ ഭക്ഷണങ്ങൾ വെറുവയറ്റിൽ കഴിക്കുന്നത് അസിഡിറ്റിക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും സഹായിക്കും. രാവിലെ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ ഇതാ…
വെറും വയറ്റിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
1) നാരങ്ങ വെള്ളം
ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
2) ഓട്സ്
നാരുകളുടെ മികച്ച സ്രോതസ്സാണ് ഓട്സ്. വെറും വയറ്റിൽ കഴിക്കുന്നത് പെട്ടെന്ന് വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കും. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്‌ക്കാൻ പരിശ്രമിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്.
3) തൈര്
പ്രോട്ടീന്റെയും പ്രോബയോട്ടിക്സിന്റെയും കലവറയാണ് തൈര്. വെറും വയറ്റിൽ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
4) മുട്ട
പ്രോട്ടീന്റെയും മറ്റ് അവശ്യ പോഷകങ്ങളുടെയും കലവറ. പോഷകപ്രദമായ ഡയറ്റിൽ മുട്ടയും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
5) ബെറി പഴങ്ങൾ
ഉയർന്ന നാരും കുറഞ്ഞ കലോറിയുമുള്ളവയാണ് ബെറി പഴങ്ങൾ. വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു,
6) ബദാം
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. ബദം കഴിക്കുന്നത് വയർ നിറഞ്ഞത് പോലെ തോന്നിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തവ
1) കാപ്പി
കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് മലയാളി. എന്നാൽ ഈ ശീലം അത്ര നനല്ലെന്നാണ് വിദഗ്ധർ പറയുന്നത്. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുകയും അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യുന്നു.
2) എരിവുള്ള ഭക്ഷണം
വെറും വയറ്റിൽ എരിവുള്ള ഭക്ഷണം കഴിച്ചാൽ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നതിനും ദഹനക്കേടിലേക്ക് നയിക്കുകയും ചെയ്യുന്നു.
3) സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിൽ ആസിഡിന്റെ അംശമുള്ളതിനാൽ വെറും വയറ്റിൽ കഴിക്കുന്നത് ദഹനക്കേട് സൃഷ്ടിച്ചേക്കാം.
4) കാർബണേറ്റഡ് പാനീയങ്ങൾ
വെറും വയറ്റിൽ ഇവ കുടിക്കുന്നത് ഗ്യാസിനും വയർ വീക്കത്തിനും കാരണമാകും.
5) മധുരപലഹാരങ്ങൾ
വെറും വയറ്റിൽ മധുരം കലർന്ന ആഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ച് ഉയരാൻ കാരണമാകും. പിന്നാലെ ക്ഷീണത്തിലേക്കും നയിക്കും.
6) വറുത്ത ഭക്ഷണങ്ങൾ
അനാരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമായ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
7) പാലുത്പന്നങ്ങൾ
വെറും വയറ്റിൽ പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.