ഇടുക്കി: പോലീസ് സഹകരണ സംഘത്തിൽ നിന്നും വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി വായ്പയെടുത്ത കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി കുളമാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. സഹകരണ സംഘത്തിലെ ഭാരവാഹികളുൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പടമുഖം സ്വദേശിയായ കെ കെ സിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. അപേക്ഷയിൽ ഇട്ടിരിക്കുന്ന തന്റെ ഒപ്പ് വ്യാജമാണെന്നാണ് സിജു പരാതിയിൽ പറയുന്നത്. 2017-ൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 20 ലക്ഷം രൂപയാണ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ സഹകരണ സംഘത്തിൽ നിന്നും വായപയെടുത്തത്. നാല് പേർ ജാമ്യത്തിൽ നിന്നാണ് ഇയാൾക്ക് വായ്പ എടുത്തു കൊടുത്തത്.
എസ്പി ഓഫീസിലെ അക്കൗണ്ടന്റ് ഓഫീസർ നൽകിയ സാലറി സർട്ടിഫിക്കറ്റാണ് ജാമ്യത്തിനായി നൽകിയത്. അജീഷ് വായ്പ തിരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും പണം ഈടാക്കുമെന്ന് കാണിച്ച് സിജുവിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് സിജു അറിയുന്നത്. സിജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായാണ് അജീഷിനെ സസ്പെൻഡ് ചെയ്തത്.