ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്ന ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം പരിശോധിച്ചുവരികയാണെന്ന് യുഎസ്. ഇന്ത്യ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും യുഎസിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു.
ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൾ മതസ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എങ്ങനെ നടപ്പിലാക്കുമെന്ന് നിരീക്ഷിക്കുകയാണ്. രാജ്യത്തെ എല്ലാ സമുദായങ്ങൾക്കും തുല്യ മതസ്വാതന്ത്ര്യവും തുല്യ പരിഗണനയും നൽകുക എന്നത് ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണ്- മാത്യു മില്ലർ പറഞ്ഞു.
ഈ മാസം 11-നാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുക എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നത്. വിജ്ഞാപനത്തിന് പിന്നാലെ പല തെറ്റിദ്ധാരണകളും വന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിഎഎയെ കുറിച്ചുള്ള എല്ലാ വശങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.
അയൽ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡനം നേടരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് സിഎഎ ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. 2014 ഡിസംബർ 31-ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. രാജ്യത്തെ മുസ്ലീം സഹോദരങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരുടെയും പൗരത്വം നഷ്ടമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.