കന്യാകുമാരി: തമിഴ്‌നാട്ടിലെ ഡിഎംകെയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും സ്റ്റാലിനും സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനൊരു തെളിവാണ് അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്യാകുമാരിയിൽ എത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സ്ത്രീകളെ എങ്ങനെ അപമാനിക്കാമെന്നും വഞ്ചിക്കാമെന്നും ഡിഎംകെയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർക്ക് നന്നായി അറിയാം. സ്ത്രീകളെ അവർ രാഷ്‌ട്രീയപരമായി മുതലെടുക്കുകയായിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയോട് ഡിഎംകെ എങ്ങനെയാണ് പെരുമാറിയതെന്ന് ഇവിടുത്തെ ജനങ്ങൾക്ക് നന്നായി അറിയാം. സ്ത്രീകളെ അപമാനിക്കുക മാത്രമായിരുന്നു കോൺഗ്രസും ഡിഎംകെയും ചെയ്തിരുന്നത്. വനിതാ സംവരണ ബിൽ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമത്തെയും അവർ തടയാൻ ശ്രമിച്ചിരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
ഡിഎകെയും കോൺഗ്രസും ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് പോലും സംപ്രേഷണം ചെയ്യുന്നത് തടയാൻ സ്റ്റാലിൻ ശ്രമിച്ചിരുന്നു. രാജ്യത്തെ പൈതൃകവും സംസ്‌കാരവും തകർക്കുയാണ് ഇവർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിനെ തകർക്കാനും ജനങ്ങളെ കൊള്ളയടിക്കാനും ശ്രമിച്ചവരെ അവർ ദൂരത്തേക്ക് വലിച്ചെറിഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾക്കും അതിനുള്ള സമയമായിരിക്കുന്നു. ജനങ്ങളെ വഞ്ചിക്കുന്നവരെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വലിച്ചെറിഞ്ഞ് മറുപടി നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.