എറണാകുളം : സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിനെ വേദിയിൽ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. പാടുന്നതിനിടെ ഗായകന്റ മൈക്ക് ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഗായകൻ വേദിവിട്ടു. വിചിത്ര കാരണമാണ് ഇതിന് പ്രിൻസിപ്പൽ നിരത്തിയത്.
മുഖ്യാതിഥിയായ ജാസി ഗിഫ്റ്റിന് മാത്രമാണ് പാടാൻ അനുമതി നൽകിയതെന്നും കോറസ് പാടാനെത്തിയവർക്ക് അനുമതി നൽകിയിട്ടില്ലെന്നുമാണ് പ്രിൻസിപ്പല്ലിന്റെ വിശദീകരണം. ജാസി മാത്രം പാടിയാൽ മതിയെന്നും കൂടെയുളളവർ പാടരുതെന്നും പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫ് പറഞ്ഞു.
ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. പാട്ടുകാരനൊപ്പം കോറസ് പാടാൻ സാധാരണ ആളുകളെത്തും. എന്നാൽ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിൻസിപ്പൽ തന്റെ കൈയിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയതെന്നും ഗായകൻ പ്രതികരിച്ചു. പുറത്തു നിന്നുള്ളവരുടെ പരിപാടി കോളേജിൽ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണുണ്ടായതെന്നും പ്രിൻസിപ്പൽ ന്യായീകരിച്ചു.
ഗായകനെ വിളിച്ചുവരുത്തി അപമാനിച്ചതോട വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രിൻസിപ്പല്ലിനെ അവർ ഉപരോധിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ജാസി ഗിഫ്റ്റിനൊപ്പം വർഷങ്ങളായി ഗാനം ആലപിക്കുന്ന സജിൻ ജയരാജ് കോറസ് പാടാൻ കോളേജിൽ എത്തിയത്.