തിരുവനന്തപുരം: കലോത്സവ കോഴയ്‌ക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം. മുൻ ജില്ലാ ഭാരവാഹിക്കെതിരെ പരാതിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം രംഗത്തെത്തി. ജഡ്ജസിനെ സ്വാധീനിക്കുന്നതിന് കൂട്ടുനിൽക്കാൻ മുൻ ഭാരവാഹി അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് പരാതി. സിപിഎം സംസ്ഥാന സെക്രട്ടറിക്കാണ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കോഴ ആരോപണം നേരിട്ട് അറസ്റ്റിലായ വിധികർത്താവ് ഷാജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. മാർഗംകളിയുടെ നൃത്ത അധ്യാപകരാണ് രണ്ടും മൂന്നും പ്രതികൾ. ഇവർ പരിശീലിപ്പിച്ച ടീമിനായിരുന്നു കേരള സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. എന്നാൽ ഇവർ കോഴ നൽകിയാണ് ഒന്നാം സ്ഥാനം നേടിയത് എന്ന ആരോപണമാണ് വിവാദമായത്. അറസ്റ്റ് തടയണമെന്ന് പ്രതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.