പനാജി: ട്രെഷറി സ്‌ട്രോങ്‌ബോക്‌സ് തുറന്നപ്പോൾ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം. ഗോവയിലെ പാനാജിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. അടുത്തിടെ വരെ ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സിന്റെ ഓഫീസായി ഉപയോഗിച്ചിരുന്ന പോർച്ചുഗീസ് കാലഘട്ടത്തിലെ ഒരു കെട്ടിടത്തിലെ സ്ട്രോങ്‌ബോക്‌സുകളിലൊന്നിൽ പൈതൃക മൂല്യമുള്ള അമൂല്യ നിധിയാണ് ഗോവ സർക്കാരിന് ലഭിച്ചത്.
സ്വർണാഭരണങ്ങൾ, പുരാതന നാണയങ്ങൾ, കറൻസി നോട്ടുകൾ, ഗാർഹികവും, മതപരവുമായ വിവിധ പുരാവസ്തുക്കൾ എന്നിവയുൾപ്പെടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നിധികൾ അടങ്ങുന്ന ഒരു പെട്ടി, പനാജിയിലെ പഴയ സെക്രട്ടേറിയറ്റിന് പിന്നിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഫസെൻഡ കെട്ടിടത്തിലെ ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസിൽ നിന്നാണ് കണ്ടെത്തിയത്.
സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിലാണ് പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ മറഞ്ഞിരിക്കുന്ന അധ്യായങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ചെസ്റ്റ് തുറക്കാൻ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി യുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. സംസ്ഥാന സർക്കാർ നിയോഗിച്ച ഈ സമിതിയുടെ സാന്നിധ്യത്തിൽ സ്‌ട്രോങ്‌ബോക്‌സ് തുറന്നപ്പോഴാണ് ഈ നിധികൾ സ്‌ട്രോങ്‌ബോക്‌സിൽ കണ്ടെത്തിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വില്യം നാലാമന്റെ ഭരണകാലത്തെയും വിക്ടോറിയൻ കാലഘട്ടത്തിലെയും പോർച്ചുഗലിലെ ജോവോ ആറാമന്റെയും കാലത്തെയും വസ്തുക്കൾ നിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു.
1961 ലെ ഗോവ വിമോചനത്തിനുശേഷം ഇത് രണ്ടാം തവണയാണ് പനാജിയിലെ ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സ് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ സ്‌ട്രോങ്‌ബോക്‌സ് തുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.1991-ലാണ് സ്‌ട്രോങ്‌ബോക്‌സ് ആദ്യമായി തുറന്നത്.
സംസ്ഥാന സർക്കാർ അടുത്തിടെ ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സ് ഓഫീസ് പനാജിയിൽ നിന്ന് പ്രാന്തപ്രദേശമായ പോർവോറിമിലേ “കൗടില്യ ലേഖ ഭവൻ” എന്ന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
പഴയ കെട്ടിടത്തിലെ എല്ലാ വസ്തുകകളും പുതിയ കെട്ടിടത്തിലേക്ക് കൊണ്ടുപോയതിനാൽ സ്‌ട്രോങ്‌ബോക്‌സ് ഫസെൻഡ കെട്ടിടത്തിൽ നിന്ന് നീക്കം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ടെത്തിയ എല്ലാ ഇനങ്ങളും ഡോക്യുമെൻ്റ് ചെയ്യുകയും ബോക്സിൽ തിരികെ സൂക്ഷിക്കുകയും ചെയ്തു, ഈ ഇനങ്ങളുടെ സാമ്പിളുകൾ സ്റ്റേറ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിധിയെക്കുറിച്ച് ഗോവൻ പുരാവസ്തു വകുപ്പിന് റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും കണ്ടെത്തലിനെ കുറിച്ച് കേന്ദ്ര പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു,
3.015 കിലോഗ്രാം ഭാരമുള്ള 307 ചെമ്പ് നാണയങ്ങൾ, അറബി ലിപിയുള്ള 814 നാണയങ്ങൾ (4.7 കിലോഗ്രാം), 1,746 അറബിക് നാണയങ്ങൾ (20 കിലോ), 787 ചെമ്പ് നാണയങ്ങൾ (15 കിലോ), മറ്റൊരു 1,026 ചെമ്പ് നാണയങ്ങൾ (38 കി.ഗ്രാം) , മറ്റൊരു തരം 1,695 നാണയങ്ങൾ (22 കി.ഗ്രാം), വിക്ടോറിയ രാജ്ഞിയുടെയും വില്യം രാജാവിന്റെയും മിൻ്റ്മാർക്കോടുകൂടിയ 380 പുരാതന നാണയങ്ങൾ,ഉൾപ്പെടെ 5,000 ൽ പരം പുരാതന നാണയങ്ങളാണ് ട്രഷറി പെട്ടിയിൽ ഉണ്ടായിരുന്നതെന്ന് സാവന്ത് പറഞ്ഞു. ഇത് കൂടാതെ 33 തരം പഴയ കറൻസി നോട്ടുകൾ,(ഈ കറൻസി നോട്ടുകളുടെ ഭാരം 100 കിലോ വരും എന്നാണ് സർക്കാർ വെളിപ്പെടുത്തൽ). ചെയിൻ, ബ്രേസ്ലെറ്റ്, ലോക്കറ്റ് എന്നിവയുൾപ്പെടെയുള്ള 2.234 കിലോ സ്വർണ്ണാഭരണങ്ങൾ, 3.234 കിലോഗ്രാം ഭാരമുള്ള വീട്ടുപകരണങ്ങൾ എന്നിവയും ട്രെഷറിയിൽ ഉണ്ടായിരുന്നു.
പഴയ കാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന പൂജാസാമഗ്രികളായ ആരതി തകിടുകൾ, പൂജാ പാത്രങ്ങൾ മുതലായ വസ്തുക്കളും ട്രെഷറി ബോക്സിൽ ഉണ്ടായിരുന്നു.
നിധിയ്‌ക്കൊപ്പം കണ്ടെത്തിയ റെജിസ്റ്റർ അനുസരിച്ച്, മുമ്പ് 1991 ൽ ഇത് തുറന്നിരുന്നു. ഈ വസ്തുതഈ നിധിശേഖരത്തിന്റെ ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത വർദ്ധിപ്പിക്കുന്നു.
ഈ നിധിയുടെ യഥാർത്ഥ മൂല്യം നിർണ്ണയിക്കാൻ സർക്കാർ ഇതുവരെ വിദഗ്ധരുമായി കൂടിയാലോചിച്ചിട്ടില്ല. കൂടാതെ, കണ്ടെത്തിയ ആഭരണങ്ങൾ പോർച്ചുഗീസ് കാലഘട്ടത്തിൽ നിന്നോ ആദിൽഷാഹി കാലഘട്ടത്തിൽ നിന്നോ അല്ലെങ്കിൽ അതിനുമുമ്പുള്ള കാലഘട്ടങ്ങളിൽ നിന്നോ ഉത്ഭവിച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.
ഗോവയുടെ നഗര സൗന്ദര്യത്തെ നിർവചിച്ചിരുന്ന പോർട്ടുഗീസ് കാലഘട്ടത്തിലെ മനോഹരമായ കെട്ടിടമായിരുന്നു പനാജിയിലെ ഫസെൻഡ ബിൽഡിങ് . തലസ്ഥാനമായ പനാജിയിലെ തിരക്ക് കുറയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ ഡിപ്പാർട്ട്‌മെൻ്റുകൾ തലസ്ഥാന നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ കദംബ പീഠഭൂമിയിലോ മണ്ഡോവിക്ക് അപ്പുറത്തുള്ള പോർവോറിമിലോ ഉള്ള ആധുനിക കെട്ടിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ഇതിനു മുൻപ് 2023 നവമ്പർ മാസത്തിൽ ഗോവയിലെ ഒരു കശുമാവിൻ തോട്ടത്തിൽ നിന്ന് അജ്ഞാത കാലഘട്ടത്തിലെ 826 ചെമ്പ് നാണയങ്ങൾ കണ്ടെത്തിയ വാർത്ത വന്നിരുന്നു. ഗോവയിലെ സത്താരിയിലെ നാനോദയിലെ കശുമാവിന് തോട്ടം വൃത്തിയാക്കുന്നതിനിടെ വിഷ്ണു ജോഷി എന്ന നാട്ടുകാരനാണ് ഇത് കണ്ടെത്തിയത്. അദ്ദേഹം അവ പുരാരേഖാ പുരാവസ്തു വകുപ്പ് മന്ത്രി സുഭാഷ് ഫല്‌ദസായിക്ക് കൈമാറുകയായിരുന്നു.
പ്രാചീന കാലഘട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്ന ഗോമന്തക രാജ്യമാണ് പിൽക്കാലത്ത് ഗോവയായി മാറിയത്. അതിന്റെ ഭൗമശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് വിവിധ രാജ വംശങ്ങൾ ഗോവയുടെ നിയന്ത്രണത്തിനായി മത്സരിച്ചിരുന്നു. ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ കാലം കോളനിയായി നിലകൊണ്ടതും ഗോവയായിരുന്നു. ഇവിടുത്തെ പോർച്ചുഗീസ് ആധിപത്യം, 1510 മുതൽ –1961 വരെ ആയിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു ശേഷം 1961 ൽ ഓപ്പറേഷൻ വിജയ് എന്ന പേരിലുളള സൈനിക നടപടിയിലൂടെയാണ് ഗോവയെ ഭാരതത്തോട് ചേർത്തത്.
1961 ൽ ഇന്ത്യൻ സൈന്യത്തിന്റെ വിജയത്തിന് ശേഷം പോർച്ചുഗീസുകാർ ഗോവയിൽ നിന്ന് തിടുക്കത്തിൽ പോയപ്പോൾ ഉപേക്ഷിച്ചതാകാം ഈ നിധി എന്ന് കണക്കാക്കുന്നു.