96.8 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്; ഇത്തവണ ‘വോട്ട് ഫ്രം ഹോം’ സംവിധാനവും; പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published by
Janam Web Desk

ന്യൂഡൽഹി: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാൻ സജ്ജമാണെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം.

12 ലക്ഷം പോളിം​ഗ് ബൂത്തുകളിലേക്കായി 96.8 കോടി വോട്ടർമാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 47.1 കോടി സ്ത്രീ വോട്ടർമാരും 49.7 കോടി പുരുഷ വോട്ടർമാരും 19.74 യുവ വോട്ടർമാരുമുണ്ട്. 48,000 പേർ ട്രാൻസ്ജെൻ‍ഡർ വോട്ടർമാരാണ്.

ബൂത്തുകളിൽ എല്ലാവിധ സൗകര്യവും ഏർപ്പെടുത്തും. 85 വയസിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന സംവിധാനം വോട്ട് ഫ്രം ഹോം ഏർപ്പെടുത്തും. 40 ശതമാനത്തിൽ കൂടുതൽ ശാരീരിക വെല്ലുവിളിയുള്ളവർക്കും വീട്ടിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുണ്ടാകും. കർശന സുരക്ഷ ഏർപ്പെടുത്തും. അക്രമങ്ങൾ തടയാൻ കേന്ദ്രസേനയെ വിന്യസിക്കും. പ്രശ്ന ബാധിത, പ്രശ്ന സാധ്യതാ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തുന്നതാണ്. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും.

കെവൈസി ആപ്പിലൂടെ സ്ഥാനാർത്ഥികളുടെ വിവരങ്ങളറിയാൻ സാധിക്കും. ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പടെ ഇതിൽ ലഭ്യമായിരിക്കും. തിരഞ്ഞെടുപ്പ് സമയത്ത് സാമൂഹ്യ മാദ്ധ്യമങ്ങളും ഓൺലൈൻ ഇടപാടുകളും സൂക്ഷ്മമായി നിരീക്ഷിക്കും. വിദ്വേഷ പ്രസംഗം ഒരുകാരണവശാലും അംഗീകരിക്കില്ല. അക്രമങ്ങൾ ശക്തമായി തടയുമെന്നും വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കരുത്. ആരുടേയും വ്യക്തിജീവിതം പ്രചാരണങ്ങളിൽ ആയുധമാക്കരുത്. താരപ്രചാകരർ പരിധി വിടാനും പാടില്ല. ചട്ടലംഘനം ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.

Share
Leave a Comment