തിരുവനന്തപുരം: അഭ്യസ്ത വിദ്യരായിട്ടും അർഹതപ്പെട്ട തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്ന ഗതികേടിലാണ് കേരളത്തിലെ യുവജനങ്ങളെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഏപ്രിൽ 13ന് കാലാവധി തീരുന്ന സിപിഒ റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ഇടപെടുമെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം സിപിഒ ഉദ്യോഗാർത്ഥികൾക്ക് വാക്കുനൽകി. നിയമനത്തിനായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
പ്രൊഫഷണൽ ഡിഗ്രിയുള്ളവർ പോലും ജോലിക്കായി റോഡിലൂടെ മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകമാണ്. സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് 34 ദിവസമായി സമരമിരിക്കുന്നു. അർഹിച്ച ജോലിക്കായി സമരം ചെയ്യുന്ന യുവാക്കൾക്ക് ഒരു കാര്യം ഉറപ്പുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യയിൽ കേരളത്തിലെ യുവജനങ്ങൾ തൊഴിലില്ലാതെ സമരമിരിക്കേണ്ടി വരില്ല. പിൻവാതിലിലൂടെയല്ലാ മുൻവാതിലിലൂടെ തന്നെ അർഹരായ എല്ലാവർക്കും തൊഴിൽ ലഭിക്കും. ഇതാണ് മോദിയുടെ ഗാരന്റി.- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തങ്ങൾ നേരിടുന്ന അവഗണനകളെ കുറിച്ചും ഒഴിവുകളുണ്ടായിട്ടും നിയമനം നടത്താത്തതിനെ കുറിച്ചും ഉദ്യോഗാർത്ഥികൾ മന്ത്രിയോട് പറഞ്ഞു.
ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇതുവരെ പോലീസിൽ നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളുടെ സംഘടനയായ ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നൽകിയ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മന്ത്രി തേടി. കേരളത്തിലെ യുവജനങ്ങൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.