തന്റെ കരിയറിൽ മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വാചാലനായി സ്പിന്നർ കുൽദീപ് യാദവ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സ്പിന്നർ മനസ് തുറന്നത്. ഗ്രൗണ്ടിൽ മത്സര സാഹചര്യത്തെ നന്നായി മനസിലാക്കി ബുദ്ധിപരമായ നീക്കങ്ങൾ നടത്തുന്ന ചുരുക്കം ക്യാപ്റ്റന്മാരിൽ ഒരാളാണ് ധോണി. കുൽദീപ് അടക്കമുള്ള യുവതാരങ്ങളുടെ കരിയറിൽ നിർണായക സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കാരണം ധോണി വിരമിച്ചതിന് ശേഷം കുൽദീപിന്റെ പ്രകടനം മോശമാവുകയും താരം ഏറെ നാൾ ദേശീയ ടീമിന് പുറത്തുമായിരുന്നു.
‘അദ്ദേഹം കുറച്ചുകൂടി കളിക്കണമെന്ന് ഞാനാഗ്രഹിച്ചു. കാരണം അദ്ദേഹം വിക്കറ്റിന് പിന്നിലുണ്ടെങ്കിൽ നമുക്ക് ബൗളിംഗ് വളരെ എളുപ്പമാണ്. ധോണി വിരമിച്ചതിന് ശേഷം എന്റെ പ്രകടനം മോശമായി, വളരെ താഴേ പോയി. അതെന്റെ കരിയർ പരിശോധിച്ചാൽ മനസിലാകും. നിങ്ങളുടെ വഴികാട്ടിയായരൊളുടെ സ്വാധീനം ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് വരുമ്പോൾ,അത് സംഭവിക്കും. പെട്ടെന്ന് എല്ലാം എന്റെ ചുമലിൽ വന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ ഏറെ സമയമെടുത്തു. പിന്നെ സാവധാനം കാര്യങ്ങൾ മനസിലാക്കി, എന്നിൽ വിശ്വാസം വന്നു.
മഹി ഭായി വിക്കറ്റിന് പിന്നിലുണ്ടായിരുന്നപ്പോൾ ഞാനും ചാഹലും വളരെ ആസ്വദിച്ചിരുന്നു. അദ്ദേഹം ഒരുപാട് ഉപദേശങ്ങൾ നൽകും. എനിക്ക് ബൗളിംഗിനെക്കുറിച്ച് അധികം ചിന്തിക്കേണ്ടി വരില്ലായിരുന്നു. പന്തെറിഞ്ഞാൽ മാത്രം മതി, ഫീൾഡ് പോലും അദ്ദേഹം ശരിയാക്കും. അദ്ദേഹത്തിനാെപ്പം ഗ്രൗണ്ടിലും പുറത്തും ചെലവഴിച്ച ഒരോ നിമിഷവും അഭിമാനമുള്ളതായിരുന്നു.”-കുൽദീപ് പറഞ്ഞു.