ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട് രാഷ്‌ട്രീയത്തിൽ വഴിത്തിരിവ്. എംഎൻഎം, എഐഎഡിഎംകെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചത്. എഐഎഡിഎംകെ മുൻ രാജ്യസഭാ എംപി വിജയകുമാർ, എംഎൻഎം പാർട്ടി പ്രചാര സെക്രട്ടറി അനുഷ രവി എന്നീ മുതിർന്ന നേതാക്കളും അവരുടെ അനുയായികളുമാണ് ബിജെപിയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് തങ്ങളെ ബിജെപിയിലേക്ക് എത്തിച്ചതെന്നും മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിലെത്തണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വം നോക്കികണ്ടാണ് മറ്റ് പാർട്ടിയിലെ പ്രവർത്തകർ ബിജെപിയുടെ അംഗത്വം സ്വീകരിക്കുന്നതെന്ന് അണ്ണാമലൈ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പ്രശസ്ത ഗായിക അനുരാധ പഡ്വാൾ ബിജെപിയിൽ ചേർന്നിരുന്നു. മുതിർന്ന നേതാക്കളായ അരുൺ സിംഗ്, അനിൽ ബലൂനി എന്നിവരുടെ സാന്നിധ്യത്തിലാണ് അനുരാധ പഡ്വാൾ ബിജെപിയിൽ ചേർന്നത്.