വോട്ടെടുപ്പ് വെള്ളിയാഴ്ച; ഇസ്ലാം മത വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും: പി.എം.എ സലാം

Published by
Janam Web Desk

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വോട്ടെടുപ്പ് ദിവസം മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇത് മുസ്ലീം വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുസ്ലീം സമുദായത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും അസൗകര്യം സൃഷ്ടിക്കുമെന്നാണ് പി.എം.എ സലാമിന്റെ വാദം.

വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തും.

വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ അടിയന്തരമായി പുനർവിചിന്തനം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണം എന്നാണ് പി.എം.എ സലാം ആവശ്യപ്പെടുന്നത്.

Share
Leave a Comment