നാഗ്പൂർ: ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരിയായി താഴേത്തട്ടിലുള്ള പ്രവർത്തകനായും ആർഎസ്എസ് സ്വയംസേവകനായും തുടരാനാണ് എന്നും താത്പര്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്. മോദി സർക്കാരിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും, ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
” 2014ന് മുൻപ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിലും അവരുടെ നയങ്ങളിലും ജനങ്ങൾ അസ്വസ്ഥരായിരുന്നു. ഇത് ബിജെപിക്ക് മുൻതൂക്കം ലഭിക്കാൻ സഹായകമായി. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്‌ച്ചവച്ച നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയതും 2014ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെ സഹായിച്ചു. വികസനം മുൻനിർത്തിയാണ് 2019ലും ഞങ്ങൾ വിജയം ആവർത്തിച്ചത്. പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി നേടിയത് കഴിഞ്ഞ 60-65 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ്. ഇക്കുറിയും ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു തന്നെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഞങ്ങളെ തിരഞ്ഞെടുക്കും.
കഴിഞ്ഞ പത്ത് വർഷം കൊണ്ട് സാധ്യമാക്കിയ വികസനം ബിജെപിക്ക് അനുകൂല ഘടകമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കുറി 400ലധികം സീറ്റുകൾ നേടുമെന്ന് ഉറപ്പിച്ച് പറയുന്നതെന്നും” ഗഡ്കരി ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു. ” ഇതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്. രാഷ്‌ട്രീയം എന്നത് ഒരു കരിയറാക്കി മാറ്റാൻ ഉദ്ദേശിച്ച വ്യക്തിയല്ല ഞാൻ. താഴേത്തട്ടിലുള്ള പ്രവർത്തകനായി, ആർഎസ്എസ് സ്വയംസേവകനായി തുടരാനാണ് ഇന്നും ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയം എന്നത് സാമൂഹികമായും സാമ്പത്തികമായും സമൂഹത്തിൽ ചില പരിഷ്‌കാരങ്ങൾ വരുത്താൻ സഹായിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾ ഒരിക്കലും എന്നെ ആകർഷിക്കാറില്ല. ഫഡ്‌നാവിസിന്റെയോ എന്റെയോ ഇടയിൽ യാതൊരു രീതിയിലുമുള്ള ഭിന്നതകളും ഉണ്ടായിട്ടില്ല. മഹാരാഷ്‌ട്രയിലെ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പോലും പല കാര്യങ്ങളിലും എന്റെ ഉപദേശം തേടാറുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. പ്രതിബദ്ധതയുള്ള ബിജെപി പ്രവർത്തകനാണ് ഞാൻ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു മത്സരത്തിന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നരേന്ദ്രമോദിയുടെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിന് കീഴിൽ ഈ സർക്കാർ ഏറ്റവും പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ തന്നെ മൂന്നാം വട്ടവും ഞങ്ങൾ അധികാരത്തിലേറുമെന്നും” ഗഡ്കരി വ്യക്തമാക്കി.