ഗാന്ധിനഗർ: രാജ്യം ഉറ്റുനോക്കിയ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗുജറാത്തിലെ അഹമ്മാദാബാദിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 18 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി.
ഇതോടെ പാക്സ്താനിൽ നിന്നുള്ള 1,167 അഭയാർത്ഥികൾക്കാണ് പൗരത്വം നൽകിയതെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി വ്യക്തമാക്കി. പുത്തൻ ഇന്ത്യയെ പടുത്തുയർത്തുക എന്ന സ്വപ്നം ശാക്തീകരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യൻ പൗരത്വം നേടിയ എല്ലാവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കാളികളാകാൻ എല്ലാവരും ഉറച്ചുനിൽക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ദുരിതം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.