ഭോപ്പാൽ : ഇന്ത്യയുടെ സുവർണ്ണകാലം എന്നറിയപ്പെടുന്ന ‘ഗുപ്ത സാമ്രാജ്യ’വുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ മധ്യപ്രദേശിൽ കണ്ടെത്തി. കട്‌നിയിലെ നാച്‌നെ ഗ്രാമത്തിലാണ് ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രം അടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായിരിക്കുമെന്നാണ് സൂചന . ആറാം നൂറ്റാണ്ടിൽ വസിച്ചിരുന്ന കലച്ചൂരി ക്ഷത്രിയ രാജവംശം നിർമ്മിച്ച ചൗമുഖി ക്ഷേത്രത്തിന്റെ ഭാഗങ്ങളും സമീപത്തെ സ്ഥലത്ത് നിന്ന് കണ്ടെത്തി. ഈ സ്ഥലം നിലവിൽ എഎസ്ഐ ഖനനം ചെയ്യുകയാണ്.
നാച്‌നെ ഗ്രാമത്തിലെ ഈ സ്ഥലത്ത് മാർച്ച് 4 മുതൽ ഖനനം ആരംഭിച്ചിരുന്നു . രണ്ട് കുന്നുകളിലാണ് ഖനനം നടത്തുന്നത്. ഈ കുന്നുകൾ ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രത്തിൽ നിന്നും മറ്റൊന്ന് കൽച്ചൂരി രാജവംശം നിർമ്മിച്ച ചൗമുഖി ക്ഷേത്രത്തിൽ നിന്നും 30 മീറ്റർ അകലെയാണ്. ലോകപ്രശസ്തമായ ഖജുരാഹോ ക്ഷേത്രങ്ങളിൽ നിന്ന് 100 കിലോമീറ്ററിൽ താഴെയാണ് എഎസ്ഐ ഖനനം ചെയ്ത ഈ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം കണ്ടെത്തുകയാണ് ഈ ഖനനത്തിന്റെ ലക്ഷ്യമെന്ന് എഎസ്ഐയുടെ ജബൽപൂർ സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ശിവകാന്ത് ബാജ്‌പേയ് മാധ്യമങ്ങളോട് പറഞ്ഞു. ഖനനം അവസാനിപ്പിക്കാൻ മൂന്നോ നാലോ മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ ക്ഷേത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. നാച്‌നെ പാർവതി ക്ഷേത്രം, തിഗ്‌വയിലെ വിഷ്ണു ക്ഷേത്രം, ഭുമ്രയിലെ ശിവക്ഷേത്രം എന്നിവയുൾപ്പെടെ നിരവധി ഗുപ്ത കാലഘട്ടത്തിലെ ക്ഷേത്രങ്ങൾ മധ്യപ്രദേശിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഗുപ്ത കാലഘട്ടത്തിനു മുമ്പുതന്നെ ഒരു ക്ഷേത്രം കണ്ടെത്തുക എന്നതാണ് ഈ ഖനനത്തിന്റെ ലക്ഷ്യം.