പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യയിൽ ഇടപെട്ട് ജില്ലാ കളക്ടർ. മനോജിന്റെ സഹപ്രവർത്തകരുടെ പരാതി പരിഗണിച്ച കളക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യു കമ്മീഷണർക്കും കൈമാറും. മനോജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹപ്രവർത്തകർ ജില്ലാ പോലീസ് മേധാവിക്കും പരാതി കൈമാറിയിരുന്നു.
മണ്ണെടുപ്പ് മാഫിയകളുടെ വിഹാര കേന്ദ്രമാണ് കടമ്പനാട്. ഇതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയകക്ഷികളുടെ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും മനോജിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചിലർ എടുത്തുകൊണ്ടുപോയെന്നും കുടുംബം പറഞ്ഞിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്.















