അമരാവതി: ആന്ധ്രാപ്രദേശിലെ പലനാട്ടിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിംഗം കണ്ടെത്തി. ചെജർല ജില്ലയിലെ കപോടേശ്വര ക്ഷേത്ര പരിസരത്ത് നിന്നാണ് കൂറ്റൻ ശിവലിംഗം കണ്ടെത്തിയത്. ചുണ്ണാമ്പിൽ കൊത്തിയെടുത്ത ആയിരം ശിവലിംഗങ്ങളാണ് കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സഹസ്രലിംഗമാണെന്ന് പുരാവസ്തു ഗവേഷകൻ ഡോ. ഇ ശിവനാഗിറെഡ്ഡി അറിയിച്ചു.
വിവരമറിഞ്ഞ് നിരവധി പുരാവസ്തു ഗവേഷകരാണ് സ്ഥലത്തെത്തി പഠനം നടത്തുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിലാണ് സഹസ്രലിംഗങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നത്. ചൂണ്ണാമ്പുകല്ലുകളിലാണ് ഈ കൂറ്റൻ ശിവലിംഗം കൊത്തിയെടുത്തിരിക്കുന്നത്. ആറടി ഉയരത്തിലുള്ള ലിംഗത്തിൽ 25 വരികളിലായി 40 വീതം മിനിയേച്ചർ ശിവലിംഗങ്ങളാണുള്ളത്.
എല്ലാ ദിവസവും ശിവലിംഗത്തെ തൊഴുത് പ്രാർത്ഥിക്കണമെന്നും ശിവരാത്രി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും മുടങ്ങാതെ പൂജകൾ നടത്തണമെന്നും ശിവനാഗിറെഡ്ഡി ഭക്തരോട് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ സഹസ്രലിംഗമാണിതെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സഹസ്രലിംഗവുമായി ബന്ധപ്പെട്ട് അനേകം വിവരങ്ങൾ പങ്കുവച്ച ശേഷമാണ് അദ്ദേഹം സ്ഥലത്ത് നിന്നും മടങ്ങിയത്.