നന്നായി തുടങ്ങി ,പാതിയിൽ ഒടുങ്ങി ഡൽഹി; വിധി നിർണയിച്ച് സ്പിന്നർമാർ ;ബാംഗ്ലൂരിന് കുഞ്ഞൻ വിജയലക്ഷ്യം

Published by
Janam Web Desk

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിന്റെ കലാശപ്പോരിൽ കൈവിട്ട മത്സരം തിരിച്ച് പിടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ആർസിബിയുടെ ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ ഡിസി ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. എട്ടോവർ വരെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മികച്ച പ്രകടനം കാഴ്ചവച്ച ഡൽഹി പിന്നീട് ചീട്ടു കൊട്ടാരം പോലെ വീണു. ഡൽഹിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. അലക്ഷ്യമായ ഷോട്ടുകൾ കളിച്ച് കൂടാരം കയറാൻ തിടുക്കപ്പെടുന്ന ഡൽഹി ബാറ്റർമാരെയാണ് പത്തോവറിന് ശേഷം കണ്ടത്. ഷെഫാലി വർമ്മയാണ് ഡിസിയുടെ ടോപ് സ്‌കോറർ. സോഫി മോളിനക്‌സ് മൂന്നു വിക്കറ്റുമായി ഡൽഹിയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടു. മലയാളിയായ ആശാ ശോഭനയും ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തി .

എട്ടാം ഓവർ എറിയാൻ എത്തിയ സോഫിയാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കിയത്. ആദ്യ പന്തിൽ തന്നെ ഷെഫാലി വർമ്മയെ(44) സോഫി ജോർജിയ വാറെഹാമിന്റെ കൈകളിലെത്തിച്ച് കൂടാരം കയറ്റി. ടീം സ്‌കോർ 64 ൽ നിൽക്കയാണ് ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പിന്നാലെ ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനെയും അലിസ് കാപ്സിയെയും റൺസൊന്നും എടുക്കാൻ സമ്മതിക്കാതെ താരം പുറത്താക്കി. ഇതോടെ ആക്രമണ ശൈലിയിൽ നിന്ന് പ്രതിരോധ ശൈലിയിലേക്ക് മാറാൻ ഡൽഹി നിർബന്ധിതരായി. വിക്കറ്റ് നഷ്ടപ്പെടാതെ ഒരു വശത്ത് പോരാടാൻ തീരുമാനിച്ച് നിലയുറപ്പിച്ച ക്യാപ്റ്റൻ മെഗ് ലാനിംഗും(23) ഒടുവിൽ ശ്രേയങ്ക പാട്ടീൽ വിക്കറ്റിന് മുന്നിൽ കുരുക്കി. 13-ാം ഓവറിലെ ആദ്യ പന്തിൽ മരിസാനെ കാപ്പിനെയും(8) ജെസ് ജോനാസനെയും(3) ആശ ശോഭന പുറത്താക്കി ഡൽഹിയെ പ്രതിരോധത്തിലാഴ്‌ത്തി. രാധാ യാദവ്(12), മിന്നു മണി(5), അരുദ്ധതി റെഡ്ഡി(10) എന്നിവരുടെ വിക്കറ്റാണ് ഡൽഹിക്ക് നഷ്ടമായത്. ശിഖാ പാണ്ഡെ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.

 

 

Share
Leave a Comment