ക്രിക്കറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട ഫോർമാറ്റ് ഏതാണ്. പല താരങ്ങളും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ള ചോദ്യമാണിത്. എന്നാൽ താൻ നേരിട്ട ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതാരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ ധ്രുവ് ജുറേൽ. താൻ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്കാണ് പ്രഥമ മുൻഗണന നൽകുന്നതെന്നാണ് താരത്തിന്റെ മറുപടി.
‘ടെസ്റ്റ് മത്സരങ്ങൾക്കാണ് ഞാൻ എപ്പോഴും ആദ്യം മുൻഗണന നൽകുന്നത്. കുട്ടിയായിരുന്നപ്പോഴും ഇതേ ചോദ്യം നേരിട്ടു. അന്ന് 200 ടെസ്റ്റ് മത്സരങ്ങൾ കളിക്കണമെന്നാണ് ആഗ്രഹമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീടാണ് 200 ടെസ്റ്റുകൾ എന്നതൊക്കെ വളരെ കൂടുതലാണെന്ന് എനിക്ക് മനസ്സിലായത് (ചിരിക്കുന്നു)’- ജുറേൽ പറഞ്ഞു.
സ്പിൻ ബൗളർമാരെക്കാൾ കൂടുതൽ ഫാസ്റ്റ് ബൗളർമാരെ നേരിടാനാണ് ഇഷ്ടം. പുൾ ഷോട്ടാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും ജുറേൽ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ധ്രുവ് ജുറേലിന്റെ അരങ്ങേറ്റം. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജുറേൽ റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.















