ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്രിവാളിന് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസമാണ് ഇഡി കെജ്രവീളിന് വീണ്ടും സമൻസ് അയച്ചത്.
ഡൽഹി ജൽ ബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ച് അറിയില്ലെന്നുമാണ് ആംആദ്മി വിഷയത്തിൽ പ്രതികരിച്ചത്. ഡൽഹി ജൽ ബോർഡിന്റെ ടെൻഡർ നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി റിട്ട.ചീഫ് എഞ്ചിനീയർ ജഗദീഷ് കുമാർ അറോറ, കരാറുകാരനായ അനിൽ കുമാർ അഗർവാൾ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി ജൽ ബോർഡിന്റെ ടെൻഡർ പ്രക്രിയയിലെ ക്രമക്കേടുകളിൽ രണ്ട് വ്യത്യസ്ത കേസുകളിലാക്കിയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഈ കേസുകളുടെ അന്വേഷണത്തിന് പുറമെ ഡൽഹി മദ്യനയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും കെജ്രിവാളിന് ഇഡി സമൻസ് അയച്ചിരുന്നു. ഈ കേസിൽ അന്വേണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒൻപത് സമൻസുകളാണ് ഇതുവരെ അയച്ചത്.















